ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ഇന്ന് വാദം കേള്‍ക്കല്‍ തുടങ്ങാനാണ് സാധ്യത. അടിയന്തിര പ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച പരിഗണിച്ചപ്പോള്‍ സിബിഐ വ്യക്തമാക്കിയിരുന്നു.
സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാവുക. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ഹാജരാകും. കേസിൽ അതിവേഗം വാദം കേൾക്കണമെന്ന് ആവശ്യപ്പെടാനാണ് സിബിഐ നീക്കം.
കഴിഞ്ഞ ഓഗസ്റ്റ് 31നാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് പകരം, ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിൽ ലാവലിൻ കേസ് ലിസ്റ്റ് ചെയ്തത്. 2017 മുതൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്ന കേസാണെന്ന് നിരീക്ഷിച്ച യു.യു. ലളിത്, ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ, കഴിഞ്ഞ സെപ്റ്റംബർ 30ന് വീണ്ടും ലളിതിന്റെ കോടതിയിൽ തന്നെ ലാവലിൻ കേസ് ലിസ്റ്റ് ചെയ്തു. എന്നാൽ അന്ന് കേസ് പരിഗണിക്കുന്നതിന് മുൻപ് കോടതി സമയം അവസാനിച്ചു. അടിയന്തര സ്വഭാവമുള്ള കേസാണെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാണിച്ചപ്പോൾ സെപ്റ്റംബർ എട്ടിന് തീയതി നൽകുകയായിരുന്നു.