വയോധികനെ മർദ്ദിച്ച സംഭവത്തിൽ പ്രോബേഷൻ എസ്.ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്
കൊല്ലം : വാഹന പരിശോധനയ്ക്കിടെ വയോധികനെ മർദ്ദിച്ച സംഭവത്തിൽ പ്രോബേഷൻ എസ്.ഐ ഷെജീമിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും വയോധികനെ വഴിയിൽ ഉപേക്ഷിച്ചത് തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. എസ് ഐയ്ക്ക് എതിരായ റിപ്പോർട്ട് കൊല്ലം റൂറൽ എസ്.പിയ്ക്ക് കൈമാറി.
എസ്ഐ രാമാനുജൻ നായരുടെ കരണത്തടിച്ചത് അനുചിതമായ നടപടിയാണ്. അറസ്റ്റ് ചെയ്യുമ്പോൾ ബലം പ്രയോഗിക്കുന്നവരെ കരണത്തടിക്കാൻ പോലീസിന് നിയമം അനുവദിക്കുന്നില്ല. കൂടുതൽ പോലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. കരണത്ത് അടികൊണ്ട രാമാനുജൻ നായർ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് എസ്ഐയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറാകാതെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതും ഗുരുതരമായ വീഴ്ചയാണെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഹെൽമറ്റ് ധരിക്കാതെ ബൈക്കിന് പിന്നിൽ ഇരുന്ന് യാത്ര ചെയ്തതിനാണ് ചടയമംഗലം സ്വദേശിയായ രാമാനുജൻ നായർ എന്ന വയോധികനെ പ്രൊബേഷൻ എസ് ഐ ഷെജീം മർദിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ സ്പെഷ്യൽ ബ്രാഞ്ച് ഡിഐഎസ്പി ഡി വിനോദ് കുമാറിനെ ചുമതലപ്പെടുത്തിയത്.