Top Stories
നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു
ചെന്നൈ : നടി ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഇന്ന് രാവിലെ ഖുശ്ബുവിനെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പ് എഐസിസി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു നൽകിയ രാജിക്കത്ത് പുറത്തുവന്നത്. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ നീക്കം.
ഖുശ്ബു ഇന്ന് ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നാകും ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിക്കുകയെന്നാണ് സൂചന.
കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടകങ്ങളുമായി ബന്ധമില്ലാത്ത ചിലരുടെ ഇടപെടൽ മൂലമാണ് ഈ സാഹചര്യമുണ്ടായതെന്നും അവർ രാജിക്കത്തിൽ പറയുന്നു.