Top Stories
സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ടുറിസം വകുപ്പ് ഉത്തരവിറക്കിയത്. അതേസമയം, നവംബർ ഒന്നുമുതൽ മാത്രമേ ബീച്ചുകൾ തുറക്കുകയുള്ളു.
ഹിൽ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.
സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. 7 ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തിൽ എത്തിയാൽ ഉടൻ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അല്ലെങ്കിൽ സഞ്ചാരികൾ 7 ദിവസം ക്വാറന്റീനിൽ പോകേണ്ടിവരും.
കോവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധമായും ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികൾക്ക് സന്ദർശന വേളയിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിൽ ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ ഉള്ളവർ ഐസോലേഷനിൽ പോകേണ്ടതുമാണ്.
സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും കൈകൾ സോപ്പിട്ട് കഴുകുന്നതിനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസർ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ഡിടിപിസി സെക്രട്ടറിമാർക്കുമായിരിക്കും. നിശ്ചിത ഇടവേളകളിൽ ടൂറിസം കേന്ദ്രങ്ങൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
ഹോട്ടൽ ബുക്കിങ്ങും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓൺലൈൻ സംവിധാനത്തിലൂടെയാകണം. ആയുർവേദ ടൂറിസം കേന്ദ്രങ്ങളിലും ഈ നിർദേശങ്ങൾ പാലിക്കണം. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും പുതിയ ഉത്തരവിൽ അനുമതിയുണ്ട്.