News

സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര നിലപാടിനുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധി: എൽ.ഡി.എഫ്

തിരുവനന്തപുരം : സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താൻ അസത്യപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിനും ഒരു സംഘം മാധ്യമങ്ങൾക്കും കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് എൽ.ഡി.എഫ് കൺവീനവർ എ.വിജയാഘവന്‍. രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി സിബിഐയെ ഉപയോഗിക്കുന്ന കേന്ദ്ര നിലപാടിനുള്ള തിരിച്ചടി കൂടിയാണ് ഹൈക്കോടതി വിധി. കേരള സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. കേരളത്തിലെ മികവാര്‍ന്ന ഭവന നിര്‍മ്മാണ പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഡാലോചന പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാടുകള്‍ സര്‍ക്കാരിന് പുറത്ത് നടന്ന കാര്യങ്ങളാണ്.ഭരണഘടനപരമായ അധികാരത്തിന്റെ ദുര്‍വിനിയോഗമാണ് സി.ബി.ഐയെ ഉപയോഗപ്പെടുത്തി നടന്നത്. കേന്ദ്രസര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും ഒരു വിഭാഗം മാദ്ധ്യമങ്ങളുമാണ് ഇതിന് പിന്നില്‍.

സംസ്ഥാന സര്‍ക്കാരിന് ഇതുമായി ഉന്നയിക്കപ്പെട്ട ഏതെങ്കിലും ആക്ഷേപവുമായി ബന്ധമില്ല. അത് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ പുറത്തുനടന്ന കാര്യം എന്നതാണ് കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വിദേശ കറന്‍സി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ വാദവും കോടതി അംഗീകരിച്ചിരിക്കുകയാണ്.

ഒരു ഘട്ടത്തിലും വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ വിമുഖത ആരും പ്രകടിപ്പിച്ചിട്ടില്ല. സര്‍ക്കാരിന്റെ ദൈനംദിന പരിപാടിക്ക് പുറത്തുനടന്ന സംഭവമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടവരുടെ ലക്ഷ്യവും രാഷ്ട്രീയമാണ്. അത് മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. കേരള സര്‍ക്കാരിന്റെ എല്ലാ നിലപാടുകളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button