ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്ക് സ്റ്റേ
കൊച്ചി : ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. വിദേശ സഹായ നിയന്ത്രണ നിയമം (എഫ് സി ആര് എ) ലംഘിക്കപ്പെട്ടു എന്നതിന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുകൊണ്ടാണ് സ്റ്റേ അനുവദിച്ചത്. രണ്ട് മാസത്തിനു ശേഷം കേസ് പരിഗണിക്കും. ജസ്റ്റിസ് വി.ജി. അരുൺ ആണ് വിധി പറഞ്ഞത്.
യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തില്‍ സിബിഐയ്ക്ക് മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. ലൈഫ് മിഷന് എതിരെ ഉള്ള അന്വേഷണത്തിന് മാത്രമാണ് കോടതി സ്റ്റേ നൽകിയത്. എന്നാൽ എഫ് ഐ ആർ റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. വിദേശസഹായ നിയന്ത്രണ നിയമം (എഫ്.സി.ആർ.എ.) ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കില്ലെന്നാണ് ലൈഫ് മിഷന്റെ വാദം.
ലൈഫ് മിഷന് ക്രമക്കേടില്‍ അഴിമതി നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐ. വാദം.യൂണിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് കമ്മീഷനായി നല്കിയ പണവും ഐഫോണും കൈക്കൂലിയായി കണക്കാക്കണമെന്നും സിബിഐ അറിയിച്ചു.
ലൈഫ് മിഷനുവേണ്ടി സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനാണ് ഹാജരായത്. നിർമാണക്കരാർ ലഭിച്ച യൂണിടാക്, സി.ബി. ഐക്ക് പരാതി നൽകിയ അനിൽ അക്കര എം. എൽ.എ. എന്നിവരുടെ വാദവും കേട്ടശേഷമാണ് ഹർജി ഉത്തരവ് പറയാൻ മാറ്റിയത്.