Top Stories
ഇടത്ത് മാറി ജോസ് കെ മാണി
കോട്ടയം : അഭ്യൂഹങ്ങൾക്കൊടുവിൽ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കി. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
രാവിലെ 9 മണിയോടെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. തോമസ് ചാഴിക്കാടൻ എം.പി., റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എം.എൽ.എമാരും ജോസ് കെ. മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എൽ.എമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
എല്‍ഡിഎഫിലേക്ക് പോകുന്നത് ഉപാധികള്‍ ഒന്നും ഇല്ലാതെയാണ്. മറ്റു കാര്യങ്ങളൊക്കെ എല്‍ഡിഎഫാണ് ഇനി തീരുമാനിക്കേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു. രാജ്യത്ത് വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ എല്‍ഡിഎഫിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.