മഹാകവി അക്കിത്തം വിടവാങ്ങി
തൃശൂര്‍ : മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.55 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയായിരുന്നു അക്കിത്തം. സെപ്തംബര്‍ 24 നാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. രാജ്യം അദ്ദേഹത്തിന് പദ്മശ്രീയും നല്കി ആദരിച്ചിരുന്നു. 2008 ല്‍ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛന് പുരസ്കാരം നല്കി ആദരിച്ചിരുന്നു. 2012ല്‍ വയലാര്‍ പുരസ്ക്കാരവും ലഭിച്ചു. 1972ല്‍ കേരള സാഹിത്യ അവാര്‍ഡ് ലഭിച്ചു. പിന്നാലെ 1973ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും അത്തിത്തത്തെ തേടിയെത്തി. ഓടക്കുഴല്‍, സഞ്ജയന് പുരസ്ക്കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര് അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതന് നമ്പൂതിരി ജനിച്ചത്. ബാല്യത്തില്‍ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1956 മുതല്‍ കോഴിക്കോട് ആകാശവാണിയിലായിരുന്നു അദ്ദേഹം സേവനമനുഷ്ടിച്ചത്. 1975ല്‍ ആകാശവാണി തൃശൂര്‍ നിലയത്തിന്റെ എഡിറ്ററായി. 1985ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാല്‍പ്പത്തിയാറോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ബലിദര്‍ശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, മന:സാക്ഷിയുടെ പൂക്കള്‍, അരങ്ങേറ്റം, പഞ്ചവര്‍ണ്ണക്കിളി, സമത്വത്തിന്റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹമെഴുതി. ചിത്രകാരന് അക്കിത്തം നാരായണനാണ് സഹോദരന്. മകന് അക്കിത്തം വാസുദേവനും ചിത്രകാരനാണ്.