എം.ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകീട്ട് ആറ് മണിയോടെയാണ് എം. ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കാര്‍ഡിയാക് ഐസിയുവില്‍ ആണ് എം ശിവശങ്കര്‍ ഇപ്പോഴുള്ളത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടന്നാണ് റിപ്പോർട്ട്. നാളെ ആഞ്ജിയോഗ്രാം നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
അറസ്റ്റ് ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോകവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് വിവരം. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂർത്തിയും ആശുപത്രിയിലെത്തിയിരുന്നു.
പുതിയ കേസു മായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ ഫോണില്‍ മറുപടി നല്‍കി. തുടര്‍ന്ന് അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തുകയായിരുന്നു. ഒപ്പം വരാന്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടു, കസ്റ്റംസ് വാഹനത്തില്‍ കയറിയ എം ശിവശങ്കറിന് വാഹനത്തിന് അകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവറോട് രക്തസമ്മര്‍ദ്ദത്തിന്റെ ഗുളിക വാങ്ങി തരാന്‍ ആവശ്യപ്പെട്ടു. ഗുളിക വാങ്ങുന്നതിനിടെ കൂടുതല്‍ അസ്വസ്ഥ പ്രകടിപ്പിച്ച എം ശിവശങ്കറിനെ ഇടപ്പഴഞ്ഞിയിലെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സിക്കുന്ന ഡോക്ടര്‍ കരമനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നതിനാല്‍ അവിടേക്ക് എത്തിക്കുകയായിരുന്നു.
കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയില്‍ എം ശിവശങ്കറിന്‍റെ വീട്ടിലെത്തിയിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്ന കടത്തിയ പണം, ലോക്കർ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്.