കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ല: കെ. മുരളീധരൻ
കോഴിക്കോട് : കൂടുതല്‍ കക്ഷികള്‍ യുഡിഎഫിൽ നിന്ന് വിട്ടുപോയാല്‍ അത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കെ.മുരളീധരന്‍. കാലാകാലങ്ങളില്‍ യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കണം. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. ഇതിന് യു.ഡി.എഫ് നേതൃത്വം ശ്രമിക്കണമെന്നും മുരളീധരൻ പറഞ്ഞു.
ഇപ്പോഴത്തെ മുന്നണിയെ വച്ചുകൊണ്ട് ജയിക്കാനുളള കഴിവൊക്കെ യു.ഡി.എഫിനുണ്ട്. എന്നാല്‍ ആളുകള്‍ മുന്നണി വിടുന്നു എന്ന പ്രചാരണം ശക്തിപ്പെടും. ചര്‍ച്ചകളിലൂടെ പിണങ്ങി പോയവരെ തിരികെ കൊണ്ടുവരണമെന്ന് അതുകൊണ്ടാണ് പറയുന്നത്. വീരേന്ദ്രകുമാര്‍ 45 വര്‍ഷത്തെ ഇടതുപക്ഷ ബദ്ധം ഉപേക്ഷിച്ച് സഹിക്കാന്‍ വയ്യാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയിയെന്ന് പരിശോധിച്ചില്ല. വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുളളൂ. നേതാക്കള്‍ തമ്മില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്. അത് പരിഹരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
അധികാര തുടര്‍ച്ചയ്‌ക്ക് വേണ്ടി എന്ത് വൃത്തിക്കേടും കാണിക്കാന്‍ മടിയില്ലാത്ത മുന്നണിയാണ് ഇടതുപക്ഷം. ഇന്നലെ വരെ കെ.എം മാണിക്കെതിരെ പറഞ്ഞതെല്ലാം അവര്‍ വിഴുങ്ങി. അദ്ദേഹത്തെ ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാത്ത വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇടതുപക്ഷം നിയമസഭയില്‍ കാണിച്ചതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
താന്‍ ജോസ് കെ മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ചകള്‍ ഇരു ഭാഗത്ത് നിന്നും ഉണ്ടാവണമായിരുന്നു. ജോസ് കെ മാണി ഒരു അബദ്ധം കാണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പേര് പറഞ്ഞ് 38 വര്‍ഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. അതേസമയം ഉമ്മന്‍ചാണ്ടിയും രമേശും എടുത്ത തീരുമാനം ശരിയായിരുന്നു. എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു.
കെ.കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ല. അദ്ദേഹം പിളര്‍ന്ന കേരള കോണ്‍ഗ്രസുകളെയെല്ലാം കൂടെ നിര്‍ത്തിയിട്ടേയുളളൂ. വിട്ടുപോകുന്ന പ്രചാരണങ്ങളെയെല്ലാം തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ അത് ഇന്നുണ്ടാവുന്നില്ല. നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് ഇത് നടക്കുന്നത് എന്നൊന്നും താന്‍ പറയില്ല. എല്ലാവരും കരുണാകരന് ഒപ്പം പ്രവര്‍ത്തിച്ച പ്രഗത്ഭരായ നേതാക്കളാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.