വിളക്ക് തെളിച്ച് രാജ്യം;ഒരു മനസ്സോടെ ഒറ്റക്കെട്ടായി
തിരുവനന്തപുരം : കോവിഡ്-19 ഭീതിയുടെ ഇരുട്ടിനെതിരേ പ്രത്യാശയുടെ ഐക്യ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം ഒറ്റക്കെട്ടായി ദീപം തെളിച്ചു.
രാത്രി ഒമ്പതുമണി മുതൽ ഒമ്പതു മിനുട്ട് നേരത്തേക്കാണ് ഐക്യദീപം തെളിയിക്കൽ നടന്നത്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളും നേതാക്കളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുത്ത് രാജ്യം മുഴുവൻ ഒരു മനസ്സോടെ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷിയായത്.
സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ജനങ്ങൾ ലൈറ്റുകൾ അണച്ച് ദീപങ്ങൾ തെളിയിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ തുടങ്ങി നിരവധി പ്രമുഖർ ദീപം തെളിയിക്കലിൽ പങ്കാളിയായി.
സംസ്ഥാന മുഖ്യമന്ത്രിമാരും, ഗവർണറന്മാരും, സാംസ്കാരിക നായകന്മാരും, സിനിമാ താരങ്ങളും, കായിക താരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള ഇന്ത്യക്കാർ ഒത്തൊരുമിച്ചു ദീപം തെളിയിച്ചു.
കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കർഫ്യൂ, ലോക്ക്ഡൗൺ നടപടികളുടെ തുടർച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കൽ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്പതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ദീപം തെളിയിക്കാനുള്ള ആഹ്വാനം.