ശിവശങ്കറിനെ ഇന്ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. അദ്ദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ ക്രൈം നമ്പര്‍ കൃത്യമല്ലെന്ന് ശിവശങ്കര്‍ തര്‍ക്കിച്ചു. പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പിന്നീട് ഫോണില്‍ വിളിച്ച് തനിക്ക് സുഖമില്ലെന്നും, ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു
തുടര്‍ന്ന് അഞ്ചരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ വസതിയിലെത്തി ഒപ്പം വരണമെന്ന് നിര്‍ദ്ദേശിച്ചു. സ്വന്തം കാറില്‍ വരാമെന്ന് ശിവശങ്കര്‍ അറിയിച്ചെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല. കസ്റ്റംസിന്റെ അംബാസിഡര്‍ കാറില്‍ അദ്ദേഹത്തെ കയറ്റി. കാര്‍ ജഗതിയിലെത്തിയപ്പോള്‍ നെഞ്ചുവേദനയുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉയരുന്നുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോകവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂർത്തിയും ആശുപത്രിയിലെത്തിയിരുന്നു.