ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കസ്റ്റംസ് കേസിലാണ് ഈ മാസം 23 വരെ കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസ് വീണ്ടും 23-ാം തിയതി പരിഗണിക്കും.
ഈ മാസം 23 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇടക്കാല ഉത്തരവ് നേരത്തേ കോടതി പുറപ്പെടുവിച്ചിരുന്നു. ഇ.ഡി. കേസിലെയും കസ്റ്റംസ് കേസിലെയും ഹർജികളിൽ 23-ാം തിയതി ഹൈക്കോടതി വിശദമായ വാദം കേൾക്കും.
ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കൂട്ടിക്കൊണ്ടു പോകാൻ വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പോകുന്നതിനിടെ വഴിയിൽവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തു കൊണ്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന്റെ വാദം അംഗീകരിച്ച കോടതി, കൂടുതൽ സമയം അനുവദിക്കുകയും ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.