കോവിഡ് നമ്മെ വിട്ട് പോയിട്ടില്ലാത്തതിനാല്‍ ആഘോഷപരിപാടികളില്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാല്‍ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാല്‍ ആഘോഷപരിപാടികളില്‍ ജാഗ്രത കൈവെടിയാന്‍ പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല എന്നും രോഗ്യവ്യാപന തോത് കുറഞ്ഞതാണ് ആശ്വസിക്കാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും കൊവിഡ് ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾ അശ്രദ്ധയോടെ ഇറങ്ങി നടക്കുന്ന ഫോട്ടോകളും വീഡിയോകളും അടുത്തിടെ കാണാനിടയായി. അതൊന്നും ശരിയല്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുമ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയാണ് അപകടത്തിലാകുന്നത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും വീണ്ടും കുതിച്ചുയർന്നുവെന്ന കാര്യം നാം ഓർക്കണം.
നവരാത്രി ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. കൊവിഡിനെതിരെയുള്ള പോരാട്ടം തീവ്രമായി തുടരേണ്ടി വരും. അദ്ദേഹം പറഞ്ഞു.
നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിലാണ്. മരണ നിരക്ക് കുറവാണ്. രാജ്യത്തെ പത്തുലക്ഷം പേരിൽ 5,500 പേർക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളിൽ ഇത് 25,000ത്തോളമാണ്. രാജ്യത്തെ പത്തുലക്ഷം പേരിൽ 83 പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. എന്നാൽ, യു.എസ്, ബ്രസീൽ, സ്പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ അച് 600 ന് മുകളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ചു. പത്ത് കോടി കൊവിഡ് റെസ്റ്റുകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ തന്നെ നടപ്പില്‍ വരുത്തുമെന്നും പൂര്‍ണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു.
ചിലര്‍ വൈറസിനെ ലഘുവായി കാണുകയാണ്. മാസ്ക് ഒഴിവാക്കുന്നത് സമൂഹത്തിനു ആപത്താണ് വരുത്തുക. കൊവിഡ് വാക്സിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നാം തുടര്‍ന്നുകൊണ്ടിരിക്കും. ചില വാക്സിന്‍ പരീക്ഷണങ്ങള്‍ അവയുടെ അവസാന ഘട്ടത്തിലാണ്. വാക്സിന്‍ ലഭ്യമാകും വരെ നാം ജാഗ്രത തുടരണം. പതിനഞ്ച് മിനിട്ടോളം നീണ്ട അഭിസംബോധനയിലൂടെ അദ്ദേഹം അറിയിച്ചു.
Sharing a message with my fellow Indians. https://t.co/tNsiPuEUP3
— Narendra Modi (@narendramodi) October 20, 2020