Top Stories

എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 28ന്

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 28ന് ഹൈക്കോടതി വിധി പറയും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ അടക്കം പരിശോധിച്ചതിനു ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡി. കോടതിയിൽ വാദിച്ചു. സ്വപ്ന ഒരു മുഖം മാത്രമാണെന്നും എല്ലാം നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഇ.ഡി. കോടതിയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിൽ മുഖ്യ പങ്കാളിയാണ് ശിവശങ്കർ. ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസ് അധികൃതരെ ശിവശങ്കർ വിളിച്ചിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു.

നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തന്നെ അറസ്റ്റുചെയ്യാൻ നീക്കം നടത്തുന്നുവെന്നു കാട്ടിയാണ് ശിവശങ്കർ മുൻകൂർജാമ്യ ഹർജികൾ നൽകിയത്. ഹർജികൾ നേരത്തേ പരിഗണിച്ചപ്പോൾ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വർണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നതായി കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കസ്റ്റംസിനു വേണ്ടി രാം കുമാറും ശിവശങ്കറിനു വേണ്ടി അഡ്വ. വിജയഭാനുവുമാണ് ഹാജരായത്. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button