News
അടിച്ചെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം: ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി
കൊച്ചി : അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം കൈയിലെടുക്കാനും ആളുകളെ മർദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. അടിക്കാൻ റെയിയാണെങ്കിൽ അതിൻ്റെ ഫലം നേരിടാനും നിങ്ങൾ തയ്യാറാവണം. അയാളെ (വിജയ് പി നായർ) ചോദ്യം ചെയ്യാൻ നിങ്ങളാരാണ് ? അയാൾ ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാൻ പാടുണ്ടോ? വിജയ് പി നായരെ നിങ്ങൾ മർദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. എന്നും മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു.
അതേസമയം, ഭാഗ്യലക്ഷമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈമാസം 30 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു. ശ്രീലക്ഷമി അറക്കൽ, ദിയ സന്ന എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഒക്ടോബർ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ലന്നും കോടതി പറഞ്ഞു.
അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടൽകുന്നതെന്നും എന്നാൽ നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
അതേസമയം തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് ഭാഗ്യലക്ഷമി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിർത്ത പ്രോസിക്യൂഷൻ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരെ അക്രമിച്ചത് കൂടാതെ ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചെന്നും ആരോപിച്ചു. എന്നാൽ ഈ വാദത്തോട് കോടതി വിയോജിച്ചു. ഇവർക്ക് മോഷ്ടിക്കാൻ ഉദ്ധേശമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ലാപ്പ് ടോപ്പും മറ്റും പൊലീസ് സ്റ്റേഷനിൽ ഏൽപിക്കില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.