അശ്ലീല യൂട്യൂബര്‍ക്ക് മർദ്ദനം: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി : അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.
കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു. ലാപ്ടോപ്പും മൊബൈല്‍ഫോണും പൊലീസിലേല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും ഇവര്‍ വാദിക്കുക.
ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. യൂട്യൂബറെ മുറിയില്‍ കയറി കൈയേറ്റം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ്.