ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്
ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി ഡ്രഗ്സ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്കി. ഭാരത് ബയോടെക്കാണ് വാക്സിന് നിര്‍മാതാക്കൾ.
ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വാക്സിന് നിര്‍മാതാക്കള്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഡിജിസിഐയെ സമീപിച്ചത്.
ഐ.സി.എം.ആര്., നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനി കൊവാക്സിന് പരീക്ഷണം നടത്തുന്നത്.
ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡിസിജിഐക്ക് നല്കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.