കാശ്മീരിന്റെ പതാക പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ലന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ : കാശ്മീരിന്റെ പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഞങ്ങൾ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവർക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു. 14 മാസം നീണ്ട വീട്ടു തടങ്കലിൽ നിന്ന് മോചിതയായ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാൽ മാത്രമേ ഞങ്ങൾ ദേശീയ പതാക ഉയർത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്.” – മെഹ്ബൂബ മുഫ്തി പറഞ്ഞു.
ഭരണഘടനാ പ്രകാരം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്രം പിൻവലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാർട്ടി ഉപേക്ഷിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നൽകേണ്ടിവരും. അതാണ് സംഭവിക്കാൻ പോകുന്നതെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. നമ്മുടെ കൈയിൽനിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു. 14 മാസത്തെ തടവിൽ നിന്ന് മോചിതയായ ശേഷം ആദ്യമായാണ് മെഹബൂബ മാധ്യമങ്ങളെ കണ്ടത്.