ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ കാലത്ത് നമ്മൾ സംയമനം പാലിക്കണം. കൂട്ടംകൂടിയുള്ള ആഘോഷങ്ങളാണ് കഴിഞ്ഞ വർഷം വരെ നമ്മൾ നടത്തിയത്. ഇത്തവണ അത് സംഭവിച്ചില്ല. ഇനിയും നിരവധി ഉത്സവങ്ങൾ വരാനുണ്ട്. ഈ ഘട്ടത്തിൽ നാം സംയമനം പാലിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ് ദസറ. ഇന്ന് എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ് 19നെതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.
‘രാജ്യത്തെ ജനങ്ങൾ ഉത്സവങ്ങൾ ആഘോഷിക്കുമ്പോൾ സൈനികർ രാജ്യത്തെ സേവിക്കുകയാണ്. ഈദ്, ദീപാവലി തുടങ്ങിയ നിരവധി ഉത്സവങ്ങൾ ഈ വർഷം നടക്കുന്നുണ്ട്. അതിർത്തി സംരക്ഷിക്കുകയാണ് നമ്മുടെ സൈനികർ. ഈ വേളയിൽ നാം അവരെ ഓർക്കേണ്ടതുണ്ട്. ഇവരോടുള്ള ആദരസൂചകമായി ഈ ആഘോഷവേളകളിൽ നാം വീടുകളിൽ വിളക്ക് കത്തിക്കണം’ പ്രധാനമന്ത്രി പറഞ്ഞു.
ഉത്സവ ആഘോഷവേളകളില്‍ ലോക്ഡൗണ്‍ സമയത്ത് ആരെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിര്‍ബന്ധമായും ഓര്‍മിക്കണം. ലോക്ഡൗണ്‍ സമയത്ത് സ്വന്തം ജീവന്‍പോലും പണയംവെച്ച് സമൂഹവുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചവരെ ഓര്‍ക്കണം. ശുചീകരണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സുരക്ഷജീവനക്കാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഉത്സവ സമയങ്ങളില്‍ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്തണം -മോദി കൂട്ടിച്ചേര്‍ത്തു.
ഉത്സവാഘോഷങ്ങളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് പ്രധാന്യം നല്‍കണം. നമ്മുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ എത്തിച്ചേരാന്‍ കഴിവുണ്ട്. ഖാദി പോലുള്ള ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും നരേന്ദ്രമോദി പറഞ്ഞു.