വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കും
പാലക്കാട് : വാളയാര്‍ കേസിൽ ഇരയായ പെണ്‍കുട്ടികള്‍ക്ക് നീതി തേടി രക്ഷിതാക്കൾ ഇന്ന് മുതൽ സത്യഗ്രഹം ഇരിക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി വന്ന് 1 വര്‍ഷം പൂര്‍ത്തിയാകുന്ന ഒക്ടോബര്‍ 25 മുതല്‍ ഒരാഴ്ചയാണ് വീട്ടുമുറ്റത്ത് രക്ഷിതാക്കളുടെ സത്യാഗ്രഹം.കോടതി മേല്‍നോട്ടത്തിലുളള പുനരന്വേഷണമാണ് മാതാപിതാക്കളുടെ ആവശ്യം.
2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനിടെ, പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. ഏതന്വേഷണത്തിനും കൂടെയെന്ന് സര്‍ക്കാര്‍ ഉറപ്പും നല്കി. പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ അടുത്തയാഴ്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നീതി
വൈകുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കളുടെ സമരം. ഇതിനിടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്, പ്രോസിക്യൂഷന് വീഴ്ചപറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കിയത് അട്ടിമറിയായാണ് മാതാപിതാക്കള്‍ കാണുന്നത്. നടപടിക്രമങ്ങളുടെ സാങ്കേതികമായ കാലതാമസമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പോക്സോ കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതിയില്‍ അടുത്തയാഴ്ച വാദം തുടങ്ങും.