ശിവശങ്കർ എല്ലാത്തിനും പങ്കാളി; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുളള ചാറ്റ് വിവരങ്ങളാണ് പുറത്തുവന്നത്. സ്വപ്നയുടെ പണമിടപാടുകളെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് നേരത്തേ ശിവശങ്കര്‍ പറഞ്ഞിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വാട്സാപ്പ് ചാറ്റുകള്‍.
സ്വപ്ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്സാപ്പ് സന്ദേശങ്ങളിൽ ലോക്കർ സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. മാധ്യമങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണുഗോപാലിനോട് കേരളം വിട്ടു പോകാനും ശിവശങ്കർ ഉപദേശിക്കുന്നുണ്ട്. 2018 നവംബര്‍ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം എങ്ങനെയെല്ലാം കൈകാര്യം ചെയ്യാമെന്ന് വേണുഗോപാലിനോട് ശിവശങ്കര്‍ ചോദിക്കുന്നുണ്ട്.
ഇ ഡി ശിവശങ്കറിനോട് 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ച് അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവോ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നുതന്നെയായിരുന്നു മറുപടി. എന്നാല്‍ ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇടപാടുകള്‍ എല്ലാം ശിവശങ്കറിന്റെ അറിവോടെയാണ് നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. ഇ ഡി ശിവശങ്കറിനെതിരായ കൂടുതല്‍ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇ ഡി ഹൈക്കോടതിയില്‍ അദ്ദേഹത്തിന്റെ ചാറ്റുവിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുത്തുവന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നു എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നത്.