Top Stories
മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ്
കോട്ടയം : മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ഈ വർഷം ജനുവരി മുതലാണ് മുൻകാല പ്രാബല്യം അനുവദിക്കണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്നുതന്നെ നികത്തപ്പെടണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടു.
സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3,11,23,35,47,59, 63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും എൻഎസ്എസ് മുന്നോട്ടുവെച്ചു.