Top Stories
എം.ശിവശങ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇഡിയുടെ നടപടി.
ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ
കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേർഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ഭരണത്തിൽ സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എൻഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയിൽ ഉയർത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു.