Top Stories

പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം: ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎം കസ്‌റ്റഡിയിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരി അറസ്‌റ്റിലായതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്‌റ്റിലായി. ഇന്ന് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായി. സംസ്ഥാനത്തില്‍ ഭരണാധികാരം ഉപയോഗിച്ച്‌ തീവെട്ടി കൊള‌ളകളാണ് നടക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നതെന്നും പാർട്ടി സെക്രട്ടറിയുടെ വീട് മയക്കുമരുന്ന് കേന്ദ്രമായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസാണ് നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിന് മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. കേന്ദ്ര ഏജന്‍സിയെ വിളിച്ച്‌ വരുതിയത് മുഖ്യമന്ത്രിയല്ലേ? പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ച ശേഷമാണ് കേസില്‍ അന്വേഷണം വന്നത്. അറസ്റ്റ് വന്നപ്പോള്‍ അത് പകപോക്കലാണെന്ന് പാര്‍ട്ടി പറയുന്നത് എന്തിനാണ്?’ നാടാകെ ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കാമെന്നാണോ കരുതുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പാര്‍ട്ടി സെക്രട്ടറി രാജിവയ്ക്കാൻ താൻ പറയില്ലെന്നും രാജിവയ്ക്കാതിരിക്കുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെ കുറിച്ച്‌ നിരന്തരം വലിയ കേസുകള്‍ വരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്നു.

ബിനിഷീന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ഇനി ചോദ്യം ചെയ്യപ്പെടാൻ പോവുകയാണ്. പാർട്ടി സെക്രട്ടറിയുടെ മകനെതിരേ നിരന്തര ആരോപണങ്ങളാണ് വരുന്നത്. അതിന് പാർട്ടിയുടേയും ഭരണത്തിന്റേയും തണലുണ്ട്. നാടിന് അപമാനമാണിത്. അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സിപിഎമ്മിന് എങ്ങനെ കഴിയുന്നുവെന്ന് ചെന്നിത്തല ചോദിച്ചു.

ഈ പാർട്ടിയുടെ നേതാക്കന്മാർ ആരെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ഈ കൊള്ളക്കാരേയും കള്ളന്മാരേയുമെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ മതിയാവൂ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പലരും ചോദ്യം ചെയ്യപ്പെടാൻ പോകുകയാണെന്നും കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നെഞ്ചിടിപ്പ് കേരളത്തിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരിക്കയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button