ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
ബെംഗളുരു : ബംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിനകമാണ് എന്‍ഫോഴ്സ്മെന്റ് നടപടി. ഇന്ന് രാവിലെ മുതല്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വരികയായിരുന്നു. രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിനീഷിനെ കോടതിയിൽ ഹാജരാക്കി നാലു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ ഇഡി അറസ്റ്റ്ഓ ചെയ്യ്തത്. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് നല്കിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടല്‍ തുടങ്ങാന്‍ ഉള്‍പ്പടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് നിരവധി തവണ പണം നല്‍കിയിരുന്നതായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങള്‍ക്കുമായാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.
ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതും തുടർന്ന് അറസ്റ്റ് ചെയ്തതും.