News

മുന്നോക്ക സംവരണത്തിനെതിരെയുള്ള ലീഗിന്‍റെ നീക്കം മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചുവിടാൻ: ഡി.എസ്.ജെ.പി

കൊച്ചി : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സംവരേണതര സമുദായങ്ങളിൽ പ്പെട്ടവർക്ക് പത്തു ശതമാനം സംവരണം നല്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പടയൊരുക്കം കേരളത്തിലെ മതേതര സമൂഹത്തിൽ സംഘര്‍ഷം അഴിച്ചു വിടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ (DSJP) പത്രകുറിപ്പ്. ഇന്ന് രണ്ടു പതിറ്റാണ്ടിനു ശേഷം മുന്നാക്കക്കാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഡി.എസ്.ജെ.പി എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടെന്നത് ലീഗ് മറക്കരുതെന്നും പത്രക്കുറിപ്പിൽ ഓർമ്മിപ്പിച്ചു.

ഇന്ത്യന്‍ പാര്‍ല്യമെന്റ് പാസാക്കിയ നിയമം അനുസരിച്ച്, കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ മുന്നാക്ക സംവരണത്തിന് എതിരെ വാളോങ്ങുന്ന ലീഗ് നിയമവാഴ്ച്ചക്കെതിരെ ആണ് പട നയിക്കുന്നത്. ഈ വിഷയത്തില്‍ മുന്നാക്ക സംവരണത്തെ അനുകൂലിച്ചും, ലീഗിന്‍റെ നയത്തെ കര്‍ശനമായി എതിര്‍ത്തും, സീറോ മലബാര്‍ കാത്തോലിക്കസഭ എടുത്ത നിലപാടുകളെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായും എന്ന് ഡി.എസ്.ജെ.പി പത്രക്കുറിപ്പില്‍ അറിയിച്ചു.

സംവരണത്തെ മറയാക്കി ദളിതര്‍ ഉള്‍പ്പെടുന്ന അവശ സമുദായങ്ങളെ കൂട്ട് പിടിക്കാന്‍ ലീഗ് ചെയ്യുന്ന ശ്രമം വഞ്ചനാപരവും, അപഹാസ്യവും ആണ്. ദളിതരുടെ ജീവിതം ഇന്നും യാതനാ പൂർണമായി തുടരുമ്പോൾ, ന്യൂനപക്ഷത്തിനെ പേര് പറഞ്ഞു പിൻവാതലിലൂടെ സംവരണം നേടിയവർ ദളിതര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ആണ് അനര്‍ഹമായി തട്ടിയെടുക്കുന്നത്. അധികാരവും സമ്പത്തുമുള്ള ഒരു കൂട്ടര്‍ ദളിതരെ മുൻ നിർത്തി അവശത അഭിനയിച്ചു നടത്താന്‍ ശ്രമിക്കുന്ന കപടനാടകത്തെ ഡി.എസ്.ജെ.പി ശക്തിയായി അപലപിക്കുന്നു.

ചത്ത കുതിരയെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പുശ്ചിച്ചു തള്ളിയ മുസ്ലിം ലീഗെന്ന വർഗീയ കക്ഷിയെ കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റിയത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും നല്കിയ സംരക്ഷണവും പ്രോത്സാഹനവുമാണ്. ലീഗിന്‍റെ വളർച്ചയും അവർ സ്വീകരിക്കുന്ന നിലപാടുകളുമാണ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത്.

മതാടിസ്ഥാനത്തിൽ സംവരണം നല്കുന്ന കേരളത്തിലെ സംവിധാനം തന്നെ ഭരണഘടനാ വിരുദ്ധമാണ്. സംവരണ വിഷയത്തിൽ ലീഗ് നിലപാടിനെ കുറിച്ച് ധീരമായി അഭിപ്രായം പറയാൻ കെ.പി.സി.സി  പ്രസിഡൻ്റ് തയ്യാറാകണമെന്നും ഡി.എസ്.ജെ.പി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button