ബിനീഷ് കോടിയേരിയെ നാല് ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു
ബെംഗളുരു : ബിനീഷ് കോടിയേരിയെ നാല് ദിവസം എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പമിരുത്തി ബിനീഷിനെ തുടർ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നാണ് വിവരം.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.