ഇ.ഡി അന്വേഷണം സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളിലേക്ക്
കൊച്ചി : സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം.ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് വൻകിട പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി എന്നീ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇഡി ആവശ്യപ്പെട്ടത്. പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എം ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്‍റെ പരിധിയില്‍ വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് സര്‍ക്കാരിനെതിരെ നീളുന്നതിന്‍റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കസ്റ്റഡിയിലുള്ള എം.ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇ.ഡി.ചോദ്യം ചെയ്തുവരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇ.ഡി.വിപുലമാക്കിയിട്ടുണ്ട്.