ബിനീഷ് പണം സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി
ബംഗളൂരു : ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് അനൂപിന് നല്‍കിയ അഞ്ച് കോടി രൂപ സമാഹരിച്ചത് മയക്കുമരുന്ന് കച്ചവടത്തിലൂടെയെന്ന് ഇ.ഡി കണ്ടെത്തി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ബിനീഷിനെതിരായ ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഇ.ഡി രേഖപ്പെടുത്തിയിരിക്കുന്നത്.
2012 മുതല്‍ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണ്. ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ട്. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ആദായ നികുതി രേഖകളില്‍ പൊരുത്തക്കേടുണ്ടെന്നും ഈ കമ്പനികളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കള്‍ ബിനീഷ് മറച്ചുവച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. തിങ്കളാഴ്ച ബിനീഷിന്റെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി കോടതി നീട്ടി നല്‍കിയിരുന്നു.