Top Stories
കൊറോണ:ഫിലിപ്പൈൻസിൽ ഒരാൾ മരിച്ചു; ചൈനയ്ക്ക് പുറത്ത് ആദ്യത്തെ മരണം
കൊറോണ വൈറസ് ബാധിച്ച് ഫിലിപ്പീൻസിൽ ഒരാൾ മരണപ്പെട്ടു. 44 വയസ്സുള്ള ഒരു പുരുഷനാണ് മരണപ്പെട്ടത്. കൊറോണ വൈറസ് ബാധയിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ആദ്യത്തെ മരണമാണ് ഫിലിപ്പീൻസിൽ സംഭവിച്ചതെന്ന് എ എഫ് പി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്താകമാനം14,525 പേർക്ക് കൊറോണ വൈറസ് ഇതു വരെ സ്ഥിതീകരിച്ചിട്ടുണ്ട്.
ഇതിൽ ചൈനയിൽ മാത്രം 14,380 പേർക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിൽ 2110 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 304 പേർ ചൈനയിൽ മരിച്ചിട്ടുണ്ട്. ഹുവാൻ ഉൾപ്പെടുന്ന ഹുബേ പ്രവിശ്യയിൽ മാത്രം 294 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയിൽ മൊത്തം 19,544 പേർ നിരീക്ഷണത്തിലാണ്. 328 പേർ ചൈനയിൽ വൈറസ് ബാധയിൽ നിന്നും മുക്തമായിട്ടുണ്ടെന്ന് ബി എൻ ഒ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനക്ക് പുറത്ത് 23 രാജ്യങ്ങളിലായി 145 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് ജപ്പാനിൽ ആണ്. 20 പേർക്കാണ് ജപ്പാനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ 2 പേർക്കും യുഎഇയിൽ 5 പേർക്കും , യുഎസിൽ 8 പേർക്കും , നേപ്പാൾ ശ്രീലങ്ക എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഫിലിപ്പീൻസിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ള 2 പേരിൽ 1 ആളാണ് മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ രണ്ടാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷൻ വാർഡിൽ സൂക്ഷ്മനിരീക്ഷണത്തിൽ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്.