Top Stories
കെ.ടി.ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി : മന്ത്രി കെ.ടി.ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുക.
യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്ന ചട്ടവും, വിദേശ സംഭാവന നിയന്ത്രണചട്ടവും ജലീൽ ലംഖിച്ചുവെന്നാണ് കസ്റ്റംസിന്റെ വാദം. ഈ സാഹചര്യത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നതിന് കൊച്ചിയില്‍ ഹാജരാകാന്‍ ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.
കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ചോദ്യങ്ങളുമുണ്ടാകും. എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യം ചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.