ബാലഭാസ്കറിന്റെ മരണത്തില്‍ അര്‍ജുനും കലാഭവന്‍ സോബിയും പറഞ്ഞത് കള്ളം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജുനും കലാഭവന്‍ സോബിയും പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോര്‍ട്ട്. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയും കളവാണെന്നാണ് നുണ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സോബി പറഞ്ഞ റൂബിന് തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്ക്കര്‍ മരിക്കുമ്പോള്‍ റൂബിന് ബംഗളൂരിലായിരുന്നു. അപകടം കണ്ടുവെന്ന് പറഞ്ഞ സാക്ഷി കലാഭവന്‍ സോബിയുടെ മൊഴികളും കള്ളമാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. സോബിയെ രണ്ടു തവണയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. അപകടസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന് പറഞ്ഞത് നുണയാണ്.
അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്.