Top Stories
കുരുക്ക് മുറുകുന്നു; ബിനീഷിന്റെ ഡ്രൈവറെ ചോദ്യം ചെയ്യാൻ ഇ.ഡി
ബംഗളൂരു : ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ കൂടുതൽ തെളിവുകളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനി കുട്ടന് അനൂപിന്റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിച്ചതായി കണ്ടെത്തിയെന്ന് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ഇ.ഡി വെളിപ്പെടുത്തി. ഇതിന്റെ ഉറവിടം അറിയാൻ അനി കുട്ടനെയും സുഹൃത്ത് എസ്. അരുണിനെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി.
രണ്ട് തവണ നല്കിയ കസ്റ്റഡി റിപ്പോര്‍ട്ടിലും ഇന്നലെ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ബിനീഷ് കോടിയേരിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചിട്ടുള്ളത്.തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്കാണ് പണം അയച്ചിരിക്കുന്നത്. ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ ബിനീഷ് തയ്യാറായിട്ടില്ല.
ബിനീഷിനെ പുറത്തുവിട്ടാല്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ബിനീഷിനെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡു ചെയ്തത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിയ്ക്കും.