Top Stories
ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും
പത്തനംതിട്ട : മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിനെയും മേൽശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും.
രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേൽശാന്തിയായ എ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയും രാത്രിയിൽത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നടകൾ തുറക്കുന്നത്.തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെർച്വൽക്യൂവഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ദർശനം.
24 മണിക്കൂറിനുളളിൽ എടുത്ത കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇല്ലാത്തവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന ഉണ്ടാകും. വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ വഴികളിൽക്കൂടി മാത്രമാണ് ഇത്തവണ ശബരിമലയിലേക്ക് യാത്രാനുമതിയുള്ളത്.
നെയ്യഭിഷേകം നേരിട്ട് നടത്താനാകില്ല. നെയ്ത്തേങ്ങ ദേവസ്വം ബോർഡിന്റെ പ്രത്യേക കൗണ്ടറിൽ ഏല്പിക്കണം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് ലഭിക്കും.