Top Stories
ശരണമന്ത്രങ്ങൾ ഉരുക്കഴിയുന്ന മറ്റൊരു മണ്ഡലകാലത്തിന് തുടക്കമായി
പത്തനംതിട്ട : ശരണമന്ത്രങ്ങൾ ഉരുക്കഴിയുന്ന മറ്റൊരു മണ്ഡലകാലത്തിന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. വ്രതശുദ്ധിയുടെ തീർഥാടനകാലത്തിന് തുടക്കം കുറിച്ച് തിങ്കളാഴ്ച പുലർച്ചെ 3 മണി മുതൽ സന്നിധാനത്തേക്ക് തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാണ് ഭക്തരെ കടത്തി വിടുന്നത്.
വെർച്വൽ ക്യൂ വഴിയാണ് ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ആദ്യമണിക്കൂറുകളിൽ ശബരിമലയിൽ എത്തിച്ചേർന്നത്. നെയ്യഭിഷേകത്തിനായി കൊണ്ടു വരുന്ന നെയ്ത്തേങ്ങ പ്രത്യേക കൗണ്ടറിൽ സ്വീകരിക്കും. ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ പ്രസാദമായി നെയ്യ് സ്വീകരിച്ച് മടങ്ങാവുന്നതാണ്. അപ്പം, അരവണ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് ശബരിമല ധർമശാസ്താക്ഷേത്രനട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകർന്നു.തുടർന്ന് തന്ത്രി വിഭൂതിപ്രസാദം വിതരണം ചെയ്തു. നിയന്ത്രണംമൂലം ഇത്തവണ നട തുറന്ന ദിവസം ഭക്തർക്ക് ദർശനത്തിന് അനുമതിയില്ലായിരുന്നു. പ്രത്യേക പൂജകൾ ഒന്നുംതന്നെ ഉണ്ടായില്ല. തുടർന്ന് നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം.എൻ.രജികുമാറിന്റെയും അഭിഷേക-അവരോധിക്കൽ ചടങ്ങുകൾ നടന്നു.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി പതിനെട്ടാംപടിക്ക് മുകളിൽവെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. പിന്നീട് തന്ത്രി കണ്ഠര് രാജീവര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽവെച്ച് അഭിഷേകം നടത്തി അവരോധിച്ചു. ശേഷം തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി തിരുനട അടച്ചശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പന്റെ മൂലമന്ത്രമോതി. മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനുമുന്നിൽവെച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു. തുടർന്ന് ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി രാത്രിതന്നെ പതിനെട്ടാംപടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങി.