സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് കുട്ടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളാ തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത്, മഴ ശക്തമായി തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.