മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ
കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ വച്ചാണ് ഇബ്രാഹിംകുഞ്ഞിന്റ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.
അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കായി ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് നിന്നുമുള്ള വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണുണ്ടായിരുന്നത്.ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്നായിരുന്നു ഇവര്‍ നല്കിയ മറുപടി. തുടര്‍ന്ന് വിജിലന്‍സ് സംഘം അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൻകൂർജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാർത്ത പുറത്തെത്തിയതിനു പിന്നാലെ പാണക്കാട്ട് മുസ്ലിം ലീഗ് ഉന്നതാധികാരയോഗം ചേർന്നു.