Top Stories
ഫുട്‌ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു
ബ്യൂണഴ്‌സ് അയേഴ്‌സ് : ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു അദ്ദേഹത്തിന്. വിഷാദ രോഗത്തേതുടർന്ന് ആശുപത്രിയിലായിരുന്നു മറഡോണ.
1960 ഒക്ടോബർ 30 ന് അർജന്റീനയിലെ ബ്യൂണസ് ആയേഴ്‌സിലായിരുന്നു കാൽപന്തുകളിയിലെ ദൈവം എന്ന് വിശേഷിപ്പിക്കപ്പെട്ട മറഡോണയുടെ ജനനം. പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിച്ചുകൊണ്ടാണ് മറഡോണയുടെ ഫുട്ബോൾ ജീവിതം ആരംഭിയ്ക്കുന്നത്. 16 വയസാവുന്നതിനു മുമ്പെ അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി കളിക്കാനാരംഭിച്ച മറഡോണ അർജന്റീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.
അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചതായിരുന്നു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ
നൂറ്റാണ്ടിന്റെ ഗോളായും വിശേഷിപ്പിക്കപ്പെടുന്നു. ഈ ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെയ്‌ക്കൊപ്പം സ്വന്തമാക്കിയ ഇതിഹാസമായിരുന്നു മറഡോണ.