തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; 76 ശതമാനത്തോളം പോളിങ്
കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനം ശരാശരി 76 ശതമാനം പിന്നിട്ടു. എട്ടിന് നടന്ന ഒന്നാംഘട്ടത്തില്‍ 73.12 ശതമാനമായിരുന്നു പോളിങ്. വയനാട് ജില്ലയിലാണ് കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 79 ശതമാനമാണ് വയനാട്ടില്‍ പോളിങ്. കോട്ടയം 77.1, എറണാകുളം 78, തൃശൂര്‍ 75.7, പാലക്കാട് 75 എന്നിങ്ങനെയാണ് ലഭ്യമായ വിവരം അനുസരിച്ചുള്ള പോളിങ് ശതമാനം.
അഞ്ച് ജില്ലകളിലെ 98,57,208 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതിയത്. 350 ഗ്രാമപഞ്ചായത്തുകളും 58 ബ്ലോക്ക് പഞ്ചായത്തുകളും 2 കോര്‍പറേഷനുകളും 36 മുനിസിപ്പാലിറ്റികളും അഞ്ച് ജില്ലാപഞ്ചായത്തുകളും ഉൾപ്പെടെ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്.
47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡേഴ്സും 265 പ്രവാസി ഭാരതീയരുമാണ് രണ്ടാംഘട്ടത്തിലെ വോട്ടര്‍മാര്‍. ഇതില്‍ 57,895 പേര് കന്നി വോട്ടര്‍മാരായിരുന്നു.