Top Stories
ആയുര്‍വേദത്തിൽ സർജറി: അലോപ്പതി ഡോക്ടർമാർ ഇന്ന് പണിമുടക്കും
തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് അലോപ്പതി ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും. ഐഎംഎയുടെ നേതൃത്വത്തിലാണ് സമരം. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ വൈകിട്ട് ആറ് വരെ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും ഐ.എം.എ വ്യക്തമാക്കി. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും.
ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് മോഡേൺ മെഡിസിനിലെ 58 തരം സര്‍ജറികള്‍ ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ തീരുമാനത്തിനെതിരായാണ് പ്രതിഷേധം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് മെഡിക്കല്‍ കമീഷന്‍ രൂപീകരിച്ചതിന്റെയും വിവാദമായ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെയും തുടര്‍ച്ചയായാണ് പുതിയ തീരുമാനമെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം ഐഎംഎ നടത്തുന്ന പണിമുടക്ക് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. പണിമുടക്ക് മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി ആയുര്‍വേദ വിഭാഗം ബദല്‍ സംവിധാനം ഒരുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കും. രോഗികളുടെ ക്ഷേമത്തിനായി എല്ലാ വൈദ്യശാസ്ത്ര ശാഖകളും പരസ്പരം സഹകരിക്കണമെന്നും എഎംഎഐ പ്രസിഡന്റ് ഡോ. രാജു തോമസ് പറഞ്ഞു.