സി.എം രവീന്ദ്രന്റെ ആരോഗ്യനില: ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്താൻ ഇന്നു മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യണമോയെന്ന കാര്യത്തില്‍ ഇന്നു തീരുമാനമുണ്ടായേക്കും. നിലവിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രവീന്ദ്രന്‍.
കടുത്ത തലവേദന, ശ്വാസംമുട്ട്,ന്യൂറോ പ്രശ്നങ്ങള്‍ തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സിഎം രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ എംആര്‍ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രൻ കത്ത് നൽകിയിരുന്നു. ആശുപത്രിയിലായതിനാല്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നുമായിരുന്നു രവീന്ദ്രന്റെ ആവശ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ ശുപാര്‍ശ കത്തും ഒപ്പം നല്‍കിയിരുന്നു.