സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടന്ന് തെളിഞ്ഞാൽ സ്പീക്കർ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ?: ബിജെപി
കോഴിക്കോട്: സ്പീക്കർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടന്ന ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകുമോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്പീക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത് ഉറച്ച ബോധ്യത്തോടെ. സ്പീക്കര്‍ എന്ന നിലയില്‍ സാധാരണരീതിയില്‍ പാലിക്കേണ്ട കരുതലോ ജാഗ്രതയോ മര്യാദയോ കാണിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറായിട്ടില്ല. താന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ തനിക്കെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കും എന്ന് പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും അതിന് എന്താണ് തടസമെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
പാലാരിവട്ടം പാലത്തില്‍ ഇബ്രാഹം കുഞ്ഞ് ചെയ്ത അതേ അഴിമതിയാണ് നിയമസഭയില്‍ സ്പീക്കര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും അഴിമതിപ്പണം മറയ്ക്കുന്നതിനുള്ള സ്ഥലമാണ്. പല മന്ത്രിമാരുടെയും അഴിമതി പണം ഊരാളുങ്കലില്‍ നിന്നാണ് വെളുപ്പിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ മുന്‍കൂറായി പണം കൊടുക്കുകയാണ്. ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളില്‍ പോലും കരാര്‍ നല്‍കുകകയാണ്. അതേ മാതൃകയാണ് നിയമസഭയുടെ കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിച്ചത്. അധികം തുകയുടെ ടെണ്ടർ നൽകി ബാക്കി തുക നേതാക്കൾ പങ്കിട്ടെടുക്കുന്ന നടപടിയാണ് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമേഖലയിലെ വിദഗ്ധസംഘത്തിന്റെ അഭിപ്രായം അറിഞ്ഞ് സിഎം രവീന്ദ്രന്റെ ആരോഗ്യസ്ഥിതി ജനങ്ങളോട് പറയണം. മെഡിക്കല്‍ കോളജ് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.