Top Stories

സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്ന് വിധിപറയും

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിൽ സി.ബി.ഐ. പ്രത്യേക കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്‍ണായക വിധി വരുന്നത്. ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ.

1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. പ്രതികളായ ഫാ തോമസ് കോട്ടൂര്‍, ഫാ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ തമ്മിലുളള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തല്‍. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.

ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിച്ചത്.പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button