Top Stories

തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും തടവ്

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ സിബിഐ കോടതി. പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയാണ് വിധിച്ചത്. പ്രതികൾ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.   തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

തടവുശിക്ഷയ്ക്കൊപ്പം രണ്ട് പ്രതികളും അഞ്ച് ലക്ഷം രൂപ പിഴ അടയ്ക്കണം. കോൺവെന്റിൽ അതിക്രമിച്ച് കയറിയ കുറ്റത്തിന് ഫാ. തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ അധികം പിഴ അടയ്ക്കണം.  ഇതുകൂടാതെ, തെളിവ് നശിപ്പിച്ചതിന് ഫാ. തോമസ് കോട്ടൂരിന് ഏഴ് വർഷം തടവുശിക്ഷയും വിധിച്ചു. പ്രതികള്‍ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിധി പ്രസ്താവത്തിനായി മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഫാ. തോമസ് കോട്ടൂർ കോൺവെന്റിൽ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അഭയവധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു.

താന്‍ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇന്‍സുലിന്‍ വേണമെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താന്‍ നിരപരാധിയാണെന്നും ക്നായ നിയമപ്രകാരം ഒരു വൈദികന്‍ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു.

തനിക്ക് രോഗികളായ മാതാപിതാക്കളുണ്ടെന്നും അവരുടെ സംരക്ഷണം തന്റെ  ഉത്തരവാദിത്തമാണെന്നും സ്റ്റെഫി കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയ സ്റ്റെഫി തനിക്ക് പെന്‍ഷനുണ്ടെന്നും ആ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു.

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസി അവസാന വിചാരണ ദിവസത്തിന് സാക്ഷിയാകാൻ വലിയ ആള്‍ക്കൂട്ടമാണ് കോടതിയില്‍ ഉണ്ടായത്. അഭിഭാഷകരും നിയമവിദ്യാര്‍ത്ഥികളും മാധ്യമപ്രവര്‍ത്തകരും കന്യാസ്ത്രീകളും പ്രതികളുടെ ബന്ധുക്കളുമടക്കം നിരവധി പേര്‍ കോടതി മുറിയില്‍ എത്തിയിരുന്നു.

സിബിഐ കോടതി കുറ്റക്കാരനെന്ന കണ്ടെത്തിയ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്കു ശേഷം ജയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പതിനൊന്നു മണിയോടെ പ്രതികളെ വീണ്ടും കോടതിയിലേക്ക് കൊണ്ടു വന്നു തുടര്‍ന്നാണ് സിബിഐ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്.അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണായക വിധി പ്രഖ്യാപനം ഉണ്ടാകുന്നത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ കേസ് കൊലപാതകമാണെന്ന് സിബിഐയാണ് കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button