Top Stories

സുഗതകുമാരിയുടെ ഭൗതിക ശരീരം സംസ്കരിച്ചു

തിരുവനന്തപുരം : അന്തരിച്ച സാഹിത്യകാരി സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു സംസ്കാരം. കൊവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായതും പിന്നെ മരണപ്പെട്ടതും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സില്‍ നേരിട്ട് തൈക്കാട് ശാന്തികവാടത്തില്‍ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നല്‍കി.

സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭന്‍ ചെറുമകന്‍ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്.

മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയും തന്നെ ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് കൗറും സംസ്കാരചടങ്ങില്‍ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.50-ഓടെയാണ് സുഗതകുമാരിയുടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്ബോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

കൊവിഡ് മരണമായതിനാല്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല. പകരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ തിരുവനന്തപുരത്ത് അയ്യന്‍കാളി ഹാളില്‍ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button