സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലുമുതൽ തുറക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകൾ. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസിൽ അനുവദിക്കുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും ക്ലാസ്സുകൾ. കോളേജ് അധ്യാപകരും മറ്റ് ജീവനക്കാരും 28 മുതൽ കോളേജിൽ ഹാജരാകണം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസ്സ്. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളിൽ എല്ലാ വിദ്യാർഥികൾക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും.
പത്ത് ദിവസത്തിനുശേഷം ക്ലാസുകൾ ആരംഭിച്ചത് സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ ബന്ധപ്പെട്ട സർവകലാശാലകൾക്കോ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസ് ആരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക. ഷിഫ്റ്റുകളായി ക്ലാസ്സുകൾ ആരംഭിക്കുന്നതിനാൽ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും.