Top Stories
അഭ്യർത്ഥിച്ച് മുഖ്യമന്ത്രി, പരിഗണിച്ച് ഗവർണർ, പണികിട്ടി പ്രതിപക്ഷം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശം അടങ്ങുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ 18-ാം ഖണ്ഡിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നിയമസഭയിൽ വായിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന പ്രകാരം ഉള്ള കത്തിന്റെ അടിസ്ഥാനത്തിൽ.
പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കണമെന്ന് അഭ്യർത്ഥിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ കത്ത് നൽകിയിരുന്നു. ഭരണഘടനാപരമായ ബാധ്യത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.
പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമർശം വായിക്കാതെ ഒഴിവാക്കരുതെന്നും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം വായിക്കാൻ ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം താങ്കൾക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിയോജിപ്പുകളുണ്ടെങ്കിലും പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമുള്ള 18-ാം ഖണ്ഡിക മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം, വായിക്കുന്നു എന്ന് പറഞ്ഞിട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ബജറ്റ് സമ്മേളനത്തിനെത്തിയ ഗവർണറെ തടഞ്ഞു പ്രതിഷേധിച്ച പ്രതിപക്ഷം, പ്രസംഗത്തിൽ18-ാം ഖണ്ഡിക ഗവർണർ വായിച്ചതോടെ
അമ്പരന്നുപോയി. പൗരത്വ പ്രതിഷേധത്തിൽ മുന്നിൽ യുഡിഎഫാണെന്ന് തെളിയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളാണ്, വിയോജിപ്പോടെ 18-ാം ഖണ്ഡിക വായിക്കുന്നുവെന്ന് ഗവർണർ പറഞ്ഞപ്പോൾ ചീറ്റിപ്പോയത്.
ഉടൻ തന്നെ പ്ലേറ്റ് മാറ്റിയ പ്രതിപക്ഷം ഗവർണർക്കൊപ്പം മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെ വിമർശിച്ചു തുടങ്ങി. ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ ഗവർണർ വഴി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. മനുഷ്യച്ചങ്ങല പിടിച്ച ശേഷം മുഖ്യമന്ത്രി ആദ്യം പോയത് രാജ്ഭവനിലേക്കാണെന്നും, ഗവർണറും മുഖ്യമന്ത്രിയും ഭായ്- ഭായ് ആണെന്ന് ഇനിയെങ്കിലും എല്ലാവർക്കും മനസ്സിലാക്കാൻ കഴിയണമെന്നും ചെന്നിത്തല പ്രതികരിച്ചു.