Year: 2020
- Top StoriesOctober 19, 20200 151
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും
കോഴിക്കോട് : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. പ്രത്യേക വിമാനത്തില്‍ രാവിലെ 11.15ന് കരിപ്പൂരില്‍ എത്തുന്ന അദ്ദേഹം മലപ്പുറം കലക്ടറേറ്റിലെത്തി കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് മലപ്പുറം ഗസ്റ്റ് ഹൗസിലെ ഉച്ചഭക്ഷണത്തിന് ശേഷം കവളപ്പാറ ദുരന്തത്തില്‍ മാതാപിതാക്കളെയും, സഹോദരങ്ങളേയും, വീടും നഷ്ടമായ മലപ്പുറം എടക്കരയിലെ കാവ്യ,കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്‍റെ താക്കോല്‍ രാഹുല്‍ ഗാന്ധി കൈമാറും. കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചിലവഴിച്ച് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. പിന്നീട് വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ എം.പി ഫണ്ട് വിനിയോഗവും വിലയിരുത്തും. ഉച്ചയ്ക്ക് രണ്ടരയോടെ വയനാട്ടിലേക്ക് തിരിക്കും. ഇന്നും നാളെയും കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലായിരിക്കും രാഹുൽ താമസിക്കുക. ചൊവ്വാഴ്ച വയനാട് കലക്‌ട്രേറ്റില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലും മറ്റൊരു മീറ്റിംഗിലും രാഹുല്‍ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയ്ക്ക് മാനന്തവാടി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം രാഹുല്‍ മട്ടന്നൂര്‍ വിമാനത്താവളം വഴി ദില്ലിക്ക് മടങ്ങും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പരിപാടികള്‍.ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കും. ഔദ്യോഗിക പരിപാടികള്‍ മാത്രമാകും ഈ ദിവസം ഉണ്ടാകുക. എട്ട് മാസത്തിന് ശേഷമാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.
Read More » - Top StoriesOctober 17, 20200 179
ശിവശങ്കറിനെ ഇന്ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. അദ്ദേഹത്തെ ഇന്ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കും. ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് ചട്ടം 108 പ്രകാരമുള്ള നോട്ടീസിലെ ക്രൈം നമ്പര്‍ കൃത്യമല്ലെന്ന് ശിവശങ്കര്‍ തര്‍ക്കിച്ചു. പുതിയ കേസാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. പിന്നീട് ഫോണില്‍ വിളിച്ച് തനിക്ക് സുഖമില്ലെന്നും, ഹാജരാകാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു തുടര്‍ന്ന് അഞ്ചരയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂജപ്പുരയിലെ വസതിയിലെത്തി ഒപ്പം വരണമെന്ന് നിര്‍ദ്ദേശിച്ചു. സ്വന്തം കാറില്‍ വരാമെന്ന് ശിവശങ്കര്‍ അറിയിച്ചെങ്കിലും കസ്റ്റംസ് അനുവദിച്ചില്ല. കസ്റ്റംസിന്റെ അംബാസിഡര്‍ കാറില്‍ അദ്ദേഹത്തെ കയറ്റി. കാര്‍ ജഗതിയിലെത്തിയപ്പോള്‍ നെഞ്ചുവേദനയുണ്ടെന്നും, രക്തസമ്മര്‍ദ്ദം ഉയരുന്നുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോകവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് സൂചന. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂർത്തിയും ആശുപത്രിയിലെത്തിയിരുന്നു.
Read More » - Top StoriesOctober 16, 20200 161
എം.ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. വൈകീട്ട് ആറ് മണിയോടെയാണ് എം. ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. കാര്‍ഡിയാക് ഐസിയുവില്‍ ആണ് എം ശിവശങ്കര്‍ ഇപ്പോഴുള്ളത്. ഇസിജിയിൽ നേരിയ വ്യത്യാസം ഉണ്ടന്നാണ് റിപ്പോർട്ട്. നാളെ ആഞ്ജിയോഗ്രാം നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. അറസ്റ്റ് ചെയ്യാനായി കസ്റ്റംസ് കൊണ്ടുപോകവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് വിവരം. തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിരുന്നു കസ്റ്റംസ് നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ രാമമൂർത്തിയും ആശുപത്രിയിലെത്തിയിരുന്നു. പുതിയ കേസു മായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ ഫോണില്‍ മറുപടി നല്‍കി. തുടര്‍ന്ന് അഞ്ചരയോടെ പൂജപ്പുരയിലെ വീട്ടിലേക്ക് കസ്റ്റംസ് സംഘം നേരിട്ട് എത്തുകയായിരുന്നു. ഒപ്പം വരാന്‍ എം ശിവശങ്കറിനോട് ആവശ്യപ്പെട്ടു, കസ്റ്റംസ് വാഹനത്തില്‍ കയറിയ എം ശിവശങ്കറിന് വാഹനത്തിന് അകത്ത് വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവറോട് രക്തസമ്മര്‍ദ്ദത്തിന്റെ ഗുളിക വാങ്ങി തരാന്‍ ആവശ്യപ്പെട്ടു. ഗുളിക വാങ്ങുന്നതിനിടെ കൂടുതല്‍ അസ്വസ്ഥ പ്രകടിപ്പിച്ച എം ശിവശങ്കറിനെ ഇടപ്പഴഞ്ഞിയിലെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും ചികിത്സിക്കുന്ന ഡോക്ടര്‍ കരമനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നതിനാല്‍ അവിടേക്ക് എത്തിക്കുകയായിരുന്നു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പൂജപ്പുരയില്‍ എം ശിവശങ്കറിന്‍റെ വീട്ടിലെത്തിയിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് നോട്ടീസ് നൽകിയതെന്നാണ് സൂചന. വിദേശത്തേക്ക് സ്വപ്ന കടത്തിയ പണം, ലോക്കർ തുടങ്ങിയ വിഷയങ്ങളിലായിരുന്നു അവസാനം കസ്റ്റംസിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്.
Read More » - Top StoriesOctober 16, 20200 160
ജോസ് കെ മാണിയ്ക്കെതിരെ കെഎം മാണിയുടെ മരുമകൻ
കോട്ടയം : ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ കെഎം മാണിയുടെ മകളുടെ ഭര്‍ത്താവ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം പി ജോസഫ് രംഗത്ത്. ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ബാർ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണിപോലും എൽഡിഎഫിൽനിന്ന് തിരികെ യുഡിഎഫിൽ എത്തി എന്നതാണ് ചരിത്രം. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാകോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വർഷത്തിന് ശേഷം തിരികെ യുഡിഎഫിൽ എത്തിയതെന്നും എം.ബി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എംപി ജോസഫ് പറഞ്ഞു.
Read More » - Top StoriesOctober 16, 20200 151
കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ല: കെ. മുരളീധരൻ
കോഴിക്കോട് : കൂടുതല്‍ കക്ഷികള്‍ യുഡിഎഫിൽ നിന്ന് വിട്ടുപോയാല്‍ അത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കെ.മുരളീധരന്‍. കാലാകാലങ്ങളില്‍ യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കണം. അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. ഇതിന് യു.ഡി.എഫ് നേതൃത്വം ശ്രമിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോഴത്തെ മുന്നണിയെ വച്ചുകൊണ്ട് ജയിക്കാനുളള കഴിവൊക്കെ യു.ഡി.എഫിനുണ്ട്. എന്നാല്‍ ആളുകള്‍ മുന്നണി വിടുന്നു എന്ന പ്രചാരണം ശക്തിപ്പെടും. ചര്‍ച്ചകളിലൂടെ പിണങ്ങി പോയവരെ തിരികെ കൊണ്ടുവരണമെന്ന് അതുകൊണ്ടാണ് പറയുന്നത്. വീരേന്ദ്രകുമാര്‍ 45 വര്‍ഷത്തെ ഇടതുപക്ഷ ബദ്ധം ഉപേക്ഷിച്ച് സഹിക്കാന്‍ വയ്യാതെയാണ് യു.ഡി.എഫിലേക്ക് വന്നത്. അദ്ദേഹം എന്തുകൊണ്ട് തിരിച്ചുപോയിയെന്ന് പരിശോധിച്ചില്ല. വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഉണ്ടായിരുന്നുളളൂ. നേതാക്കള്‍ തമ്മില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ട്. അത് പരിഹരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അധികാര തുടര്‍ച്ചയ്‌ക്ക് വേണ്ടി എന്ത് വൃത്തിക്കേടും കാണിക്കാന്‍ മടിയില്ലാത്ത മുന്നണിയാണ് ഇടതുപക്ഷം. ഇന്നലെ വരെ കെ.എം മാണിക്കെതിരെ പറഞ്ഞതെല്ലാം അവര്‍ വിഴുങ്ങി. അദ്ദേഹത്തെ ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാത്ത വൃത്തികെട്ട രാഷ്ട്രീയ കളികളാണ് ഇടതുപക്ഷം നിയമസഭയില്‍ കാണിച്ചതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. താന്‍ ജോസ് കെ മാണിയുമായി സംസാരിച്ചിരുന്നു. ചില്ലറ വിട്ടുവീഴ്ചകള്‍ ഇരു ഭാഗത്ത് നിന്നും ഉണ്ടാവണമായിരുന്നു. ജോസ് കെ മാണി ഒരു അബദ്ധം കാണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പേര് പറഞ്ഞ് 38 വര്‍ഷത്തെ ബന്ധമാണ് അവസാനിപ്പിച്ചത്. അതേസമയം ഉമ്മന്‍ചാണ്ടിയും രമേശും എടുത്ത തീരുമാനം ശരിയായിരുന്നു. എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. കെ.കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ട് പോയിട്ടില്ല. അദ്ദേഹം പിളര്‍ന്ന കേരള കോണ്‍ഗ്രസുകളെയെല്ലാം കൂടെ നിര്‍ത്തിയിട്ടേയുളളൂ. വിട്ടുപോകുന്ന പ്രചാരണങ്ങളെയെല്ലാം തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ അത് ഇന്നുണ്ടാവുന്നില്ല. നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് ഇത് നടക്കുന്നത് എന്നൊന്നും താന്‍ പറയില്ല. എല്ലാവരും കരുണാകരന് ഒപ്പം പ്രവര്‍ത്തിച്ച പ്രഗത്ഭരായ നേതാക്കളാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Read More » - NewsOctober 16, 20200 154
മദ്യത്തിന്റെ പേരിൽ തർക്കം: മകന്‍ അച്ഛനെ വെട്ടിക്കൊന്നു
കൊച്ചി : മകൻ വാങ്ങിവച്ച മദ്യം അച്ഛനെടുത്ത് കുടിച്ചതിന്റെ പേരിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അച്ഛനെ മകന്‍ വെട്ടിക്കൊന്നു. ചേരാനല്ലൂരിലാണ് സംഭവമുണ്ടായത്. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകന്‍ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. വിഷ്ണു വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയാണ് ഇരുവരും തര്‍ക്കത്തിലായത്. തുടര്‍ന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. വിഷ്ണുവിന്റെ വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവന്നിരുന്നു. വിഷ്ണുവിന്റെ തലയ്ക്കും വെട്ടേറ്റു. ഇന്നലെ വൈകിട്ടോടെയാണ് അച്ഛനും മകനും ഏറ്റമുട്ടിയത്. തുടര്‍ന്ന് ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതന്‍ മരിച്ചത്. ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.
Read More » - Top StoriesOctober 16, 20200 168
ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും; ശനിയാഴ്ച രാവിലെ മുതൽ ഭക്തർക്ക് ദർശനം
പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ശനിയാഴ്ച രാവിലെ അഞ്ചു മണി മുതൽ ഭക്തർക്ക് ദർശനം നടത്താം. ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ശബരിമല സന്നിധാനത്ത് ഭക്തരെത്തുന്നത്. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും സന്നിധാനത്ത് നടക്കും. വെർച്ച്വൽ ക്യൂ വഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം. മലകയറുമ്പോൾ ഒഴിച്ച് മറ്റുള്ള സമയത്ത് മാസ്ക് നിർബന്ധമാണ്. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇല്ലാത്തവർ നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല.
Read More » - Top StoriesOctober 15, 20200 167
കേരളത്തില്‍ ഇന്ന് 7082 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2,22,231 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Read More » - Top StoriesOctober 15, 20200 133
കേരളത്തില്‍ ഇന്ന് 23 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : കേരളത്തില്‍ 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 1089 ആയി.
Read More » - Top StoriesOctober 15, 20200 131
കേരളത്തില്‍ ഇന്ന് 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 6486 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 128 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
Read More »