അനില്‍ പനച്ചൂരാന്റെ മരണം ആസ്വഭാവികമെന്ന് ബന്ധുക്കൾ; പോലീസ് കേസെടുത്തു
തിരുവനന്തപുരം : അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കാര്യമായ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കാര സമയം തീരുമാനിക്കും.
ഇന്നലെ രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന് അന്തരിച്ചത്. ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പോകാനായി വീട്ടില്‍ നിന്നിറങ്ങിയ അനില്‍ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര വി എസ് എം ആശുപത്രിയിലും തുടര്‍ന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയില്‍ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.